മലയാളം കത്തോലിക്കാ ബൈബിൾMalayalam Catholic Bible · P.O.C.

ഇന്നത്തെ വായനകൾ

2026, ജൂലൈ 9, വ്യാഴാഴ്‌ച

ശ്ലീഹാക്കാലം

1കര്‍ത്താവാണ് എന്റെ ഇടയന്‍; എനിക്കൊന്നിനും കുറവുണ്ടാവുകയില്ല.

2പച്ചയായ പുല്‍ത്തകിടിയില്‍ അവിടുന്ന് എനിക്കു വിശ്രമമരുളുന്നു; പ്രശാന്തമായ ജലാശയത്തിലേക്ക് അവിടുന്ന് എന്നെ നയിക്കുന്നു.

3അവിടുന്ന് എനിക്ക് ഉന്‍മേഷം നല്‍കുന്നു; തന്റെ നാമത്തെപ്രതി നീതിയുടെ പാതയില്‍ എന്നെ നയിക്കുന്നു.

4മരണത്തിന്റെ നിഴല്‍വീണതാഴ്‌വരയിലൂടെയാണു ഞാന്‍ നടക്കുന്നതെങ്കിലും, അവിടുന്നു കൂടെയുള്ളതിനാല്‍ ഞാന്‍ ഭയപ്പെടുകയില്ല; അങ്ങയുടെ ഊന്നുവടിയും ദണ്‍ഡും എനിക്ക് ഉറപ്പേകുന്നു.

5എന്റെ ശത്രുക്കളുടെ മുന്‍പില്‍ അവിടുന്ന് എനിക്കു വിരുന്നൊരുക്കുന്നു; എന്റെ ശിരസ്‌സു തൈലംകൊണ്ട് അഭിഷേകം ചെയ്യുന്നു; എന്റെ പാനപാത്രം കവിഞ്ഞൊഴുകുന്നു.

6അവിടുത്തെ നന്‍മയും കരുണയും ജീവിതകാലം മുഴുവന്‍ എന്നെ അനുഗമിക്കും; കര്‍ത്താവിന്റെ ആലയത്തില്‍ ഞാന്‍ എന്നേക്കും വസിക്കും.

11ഞാന്‍ നല്ല ഇടയനാണ്. നല്ല ഇടയന്‍ ആടുകള്‍ക്കുവേണ്ടി ജീവന്‍ അര്‍പ്പിക്കുന്നു.

12ഇടയനല്ലാത്തവനും ആടുകള്‍ സ്വന്തമല്ലാത്തവനുമായ കൂലിക്കാരന്‍ ചെന്നായ് വരുന്നതു കാണുമ്പോള്‍ ആടുകളെ ഉപേക്ഷിച്ച് ഓടിപ്പോകുന്നു. ചെന്നായ് വന്ന് അവയെ പിടിക്കുകയും ചിതറിച്ചുകളയുകയും ചെയ്യുന്നു.

13അവന്‍ ഓടിപ്പോകുന്നതു കൂലിക്കാരനായതുകൊണ്ടും ആടുകളെപ്പറ്റി താത്പര്യമില്ലാത്തതുകൊണ്ടുമാണ്.

14ഞാന്‍ നല്ല ഇടയനാണ്. പിതാവ് എന്നെയും ഞാന്‍ പിതാവിനെയും അറിയുന്നതുപോലെ ഞാന്‍ എനിക്കുള്ളവയെയും എനിക്കുള്ളവ എന്നെയും അറിയുന്നു.

15ആടുകള്‍ക്കുവേണ്ടി ഞാന്‍ ജീവന്‍ അര്‍പ്പിക്കുന്നു.

16ഈ തൊഴുത്തില്‍പ്പെടാത്ത മറ്റാടുകളും എനിക്കുണ്ട്. അവയെയും ഞാന്‍ കൊണ്ടുവരേണ്ടിയിരിക്കുന്നു. അവ എന്റെ സ്വരം ശ്രവിക്കും. അങ്ങനെ ഒരാട്ടിന്‍പറ്റവും ഒരിടയനുമാകും.

17തിരിച്ചെടുക്കുന്നതിനുവേണ്ടി ഞാന്‍ ജീവന്‍ അര്‍പ്പിക്കുന്നതിനാല്‍ പിതാവ് എന്നെ സ്‌നേഹിക്കുന്നു.

18ആരും എന്നില്‍നിന്ന് അതു പിടിച്ചെടുക്കുകയല്ല, ഞാന്‍ അതു സ്വമനസ്‌സാ സമര്‍പ്പിക്കുകയാണ്. അതു സമര്‍പ്പിക്കാനും തിരികെ എടുക്കാനും എനിക്കധികാരമുണ്ട്. ഈ കല്‍പന എന്റെ പിതാവില്‍നിന്നാണ് എനിക്കു ലഭിച്ചത്.

വായനാക്രമം ഔദ്യോഗിക ആരാധനാക്രമ കലണ്ടർ അനുസരിച്ച് പൂരിപ്പിച്ചുകൊണ്ടിരിക്കുന്നു; നിലവിൽ മാതൃകാ ഡാറ്റ.