മലയാളം കത്തോലിക്കാ ബൈബിൾMalayalam Catholic Bible · P.O.C.

ഇന്നത്തെ വായനകൾ

2026, ജൂലൈ 3, വെള്ളിയാഴ്‌ച

ശ്ലീഹാക്കാലംമാർ തോമാ ശ്ലീഹായുടെ ദുക്റാന

ഒന്നാം വായന

ഉല്‍‍പത്തി 12, 1-9→

1കര്‍ത്താവ് അബ്രാമിനോട് അരുളിച്ചെയ്തു: നിന്റെ ദേശത്തെയും ബന്ധുക്കളെയും പിതൃഭവനത്തെയും വിട്ട്, ഞാന്‍ കാണിച്ചുതരുന്ന നാട്ടിലേക്കു പോവുക.

2ഞാന്‍ നിന്നെ വലിയൊരു ജനതയാക്കും. നിന്നെ ഞാന്‍ അനുഗ്രഹിക്കും. നിന്റെ പേര് ഞാന്‍ മഹത്തമമാക്കും. അങ്ങനെ നീ ഒരനുഗ്രഹമായിരിക്കും.

3നിന്നെ അനുഗ്രഹിക്കുന്നവരെ ഞാന്‍ അനുഗ്രഹിക്കും. നിന്നെ ശപിക്കുന്നവരെ ഞാന്‍ ശപിക്കും. നിന്നിലൂടെ ഭൂമുഖത്തെ വംശങ്ങളെല്ലാം അനുഗൃഹീതമാകും.

4കര്‍ത്താവു കല്‍പിച്ചതനുസരിച്ച് അബ്രാം പുറപ്പെട്ടു. ലോത്തും അവന്റെ കൂടെ തിരിച്ചു. ഹാരാന്‍ ദേശത്തോടു വിടപറഞ്ഞപ്പോള്‍ അബ്രാമിന് എഴുപത്തഞ്ചു വയസ്സു പ്രായമായിരുന്നു.

5അബ്രാം ഭാര്യ സാറായിയെയും സഹോദരപുത്രന്‍ ലോത്തിനെയും കൂടെക്കൊണ്ടുപോയി. ഹാരാനില്‍ തങ്ങള്‍ നേടിയ സമ്പത്തും ആളുകളുമായി അവര്‍ കാനാന്‍ ദേശത്തേക്കു പുറപ്പെട്ട്, അവിടെ എത്തിച്ചേര്‍ന്നു.

6അബ്രാം ആ ദേശത്തിലൂടെ സഞ്ചരിച്ച് ഷെക്കെമില്‍, മോറെയുടെ ഓക്കുമരം വരെ എത്തി. അക്കാലത്തു കാനാന്‍കാര്‍ അവിടെ പാര്‍ത്തിരുന്നു.

7കര്‍ത്താവ് അബ്രാമിനു പ്രത്യക്ഷപ്പെട്ട് അരുളിച്ചെയ്തു: ഈ നാടു നിന്റെ സന്തതികള്‍ക്കു ഞാന്‍ കൊടുക്കും. തനിക്കു പ്രത്യക്ഷപ്പെട്ട കര്‍ത്താവിന് അബ്രാം അവിടെ ഒരു ബലിപീഠം പണിതു.

8അവിടെനിന്ന് അവന്‍ ബഥേലിനു കിഴക്കുള്ള മലമ്പ്രദേശത്തേക്കു കടന്ന്, അവിടെ ബഥേലിനു കിഴക്കും ആയിക്കു പടിഞ്ഞാറുമായി താവളമടിച്ചു. അവിടെ ഒരു ബലിപീഠം പണിത്, കര്‍ത്താവിന്റെ നാമം വിളിച്ചു.

9അവിടെനിന്ന് അബ്രാം നെഗെബിനു നേരേയാത്ര തുടര്‍ന്നു.

1അല്ലയോ തെയോഫിലോസ്, യേശു, താന്‍ തെരഞ്ഞെടുത്ത അപ്പസ്‌തോലന്‍മാര്‍ക്ക് പരിശുദ്ധാത്മാവുവഴി കല്‍പന നല്‍കിയതിനുശേഷം സ്വര്‍ഗത്തിലേക്ക് സംവഹിക്കപ്പെട്ട ദിവസംവരെ, പ്രവര്‍ത്തിക്കുകയും പഠിപ്പിക്കുകയും ചെയ്ത എല്ലാകാര്യങ്ങളെയുംകുറിച്ച് ആദ്യഗ്രന്ഥത്തില്‍ ഞാന്‍ എഴുതിയിട്ടുണ്ടല്ലോ.

2കല്പന നല്‍കിയതിനുശേഷം സ്വര്‍ഗ്ഗത്തിലേക്ക് സംവഹിക്കപ്പെട്ട ദിവസംവരെ, പ്രവര്‍ത്തിക്കുകയും പഠിപ്പിക്കുകയും ചെയ്ത എല്ലാകാര്യങ്ങളെയുംകുറിച്ച് ആദ്യഗ്രന്ഥത്തില്‍ ഞാന്‍ എഴുതിയിട്ടുണ്ടല്ലോ.

3പീഡാനുഭവത്തിനുശേഷം നാല്‍പതു ദിവസത്തേക്ക് യേശു അവരുടെയിടയില്‍ പ്രത്യക്ഷനായി ദൈവരാജ്യത്തെക്കുറിച്ചു പഠിപ്പിച്ചു. അങ്ങനെ, അവന്‍ അവര്‍ക്കു വേണ്ടത്ര തെളിവുകള്‍ നല്‍കിക്കൊണ്ട്, ജീവിക്കുന്നവനായി പ്രത്യക്ഷപ്പെട്ടു.

4അവന്‍ അവരോടൊപ്പം ഭക്ഷണത്തിനിരിക്കുമ്പോള്‍ കല്‍പിച്ചു: നിങ്ങള്‍ ജറുസലെം വിട്ടു പോകരുത്. എന്നില്‍നിന്നു നിങ്ങള്‍ കേട്ട പിതാവിന്റെ വാഗ്ദാനം കാത്തിരിക്കുവിന്‍.

5എന്തെന്നാല്‍, യോഹന്നാന്‍ വെള്ളം കൊണ്ടു സ്‌നാനം നല്‍കി; നിങ്ങളാകട്ടെ ഏറെത്താമസിയാതെ പരിശുദ്ധാത്മാവിനാല്‍ സ്‌നാനം ഏല്‍ക്കും.

6ഒരുമിച്ചുകൂടിയിരിക്കുമ്പോള്‍ അവര്‍ അവനോടു ചോദിച്ചു: കര്‍ത്താവേ, അവിടുന്ന് ഇസ്രായേലിന് രാജ്യം പുനഃസ്ഥാപിച്ചു നല്‍കുന്നത് ഇപ്പോഴാണോ?

7അവന്‍ പറഞ്ഞു: പിതാവ് സ്വന്തം അധികാരത്താല്‍ നിശ്ചയിച്ചുറപ്പിച്ചിട്ടുള്ള സമയമോ കാലമോ നിങ്ങള്‍ അറിയേണ്ട കാര്യമല്ല.

8എന്നാല്‍, പരിശുദ്ധാത്മാവു നിങ്ങളുടെമേല്‍ വന്നുകഴിയുമ്പോള്‍ നിങ്ങള്‍ ശക്തിപ്രാപിക്കും. ജറുസലെമിലുംയൂദയാ മുഴുവനിലും സമരിയായിലും ഭൂമിയുടെ അതിര്‍ത്തികള്‍ വരെയും നിങ്ങള്‍ എനിക്കു സാക്ഷികളായിരിക്കുകയും ചെയ്യും.

9ഇതു പറഞ്ഞു കഴിഞ്ഞപ്പോള്‍, അവര്‍ നോക്കി നില്‍ക്കേ, അവന്‍ ഉന്നതങ്ങളിലേക്ക് സംവഹിക്കപ്പെട്ടു; ഒരു മേഘംവന്ന് അവനെ അവരുടെ ദൃഷ്ടിയില്‍നിന്നു മറച്ചു.

10അവന്‍ ആകാശത്തിലേക്കു പോകുന്നത് അവര്‍ നോക്കിനില്‍ക്കുമ്പോള്‍, വെള്ളവ സ്ത്രം ധരിച്ച രണ്ടുപേര്‍ അവരുടെ മുമ്പില്‍ പ്രത്യക്ഷപ്പെട്ടു

11പറഞ്ഞു : അല്ലയോ ഗലീലിയരേ, നിങ്ങള്‍ ആകാശത്തിലേക്കു നോക്കിനില്‍ക്കുന്നതെന്ത്? നിങ്ങളില്‍നിന്നു സ്വര്‍ഗത്തിലേക്ക് സംവഹിക്കപ്പെട്ട യേശു, സ്വര്‍ഗത്തിലേക്ക്‌പോകുന്നതായി നിങ്ങള്‍ കണ്ട തുപോലെതന്നെതിരിച്ചുവരും.

1വിശ്വാസം എന്നതു പ്രത്യാശിക്കുന്നവ ലഭിക്കുമെന്ന ഉറപ്പും കാണപ്പെടാത്തവ ഉണ്ട് എന്ന ബോധ്യവുമാണ്.

2ഇതുമൂലമാണ് പൂര്‍വികന്‍മാര്‍ അംഗീകാരത്തിന് അര്‍ഹരായത്.

3ദൈവത്തിന്റെ വചനത്താല്‍ ലോകം സൃഷ്ടിക്കപ്പെട്ടെന്നും കാണപ്പെടുന്നവ കാണപ്പെടാത്തവയില്‍ നിന്നുണ്ടായി എന്നും വിശ്വാസംമൂലം നാം അറിയുന്നു.

4വിശ്വാസം മൂലം ആബേല്‍ കായേന്‍േറതിനെക്കാള്‍ ശ്രേഷ്ഠമായ ബലി ദൈവത്തിനു സമര്‍പ്പിച്ചു. അതിനാല്‍, അവന്‍ നീതിമാനായി അംഗീകരിക്കപ്പെട്ടു. അവന്‍ സമര്‍പ്പിച്ച കാഴ്ചകളെക്കുറിച്ചു ദൈവം തന്നെ സാക്ഷ്യം നല്‍കി.

5അവന്‍ മരിച്ചെങ്കിലും തന്റെ വിശ്വാസത്തിലൂടെ ഇന്നും സംസാരിക്കുന്നു. വിശ്വാസംമൂലം ഹെനോക്ക് മരണം കാണാതെ സംവഹിക്കപ്പെട്ടു. ദൈവം അവനെ സംവഹിച്ചതുകൊണ്ട് പിന്നീട് അവന്‍ കാണപ്പെട്ടുമില്ല.

6അപ്രകാരം എടുക്കപ്പെടുന്നതിനു മുന്‍പ് താന്‍ ദൈവത്തെപ്രസാദിപ്പിച്ചുവെന്ന് അവനു സാക്ഷ്യം ലഭിച്ചു. വിശ്വാസമില്ലാതെ ദൈവത്തെ പ്രസാദിപ്പിക്കുക സാധ്യമല്ല. ദൈവസന്നിധിയില്‍ ശരണംപ്രാപിക്കുന്നവര്‍ ദൈവം ഉണ്ടെന്നും തന്നെ അന്വേഷിക്കുന്നവര്‍ക്ക് അവിടുന്നുപ്രതിഫലം നല്‍കുമെന്നും വിശ്വസിക്കണം.

24പന്ത്രണ്ടുപേരിലൊരുവനും ദിദിമോസ് എന്നു വിളിക്കപ്പെടുന്നവനുമായ തോമസ് യേശു വന്നപ്പോള്‍ അവരോടുകൂടെ ഉണ്ടായിരുന്നില്ല.

25അതുകൊണ്ടു മറ്റു ശിഷ്യന്‍മാര്‍ അവനോടു പറഞ്ഞു: ഞങ്ങള്‍ കര്‍ത്താവിനെ കണ്ടു. എന്നാല്‍, അവന്‍ പറഞ്ഞു: അവന്റെ കൈകളില്‍ ആണികളുടെ പഴുതുകള്‍ ഞാന്‍ കാണുകയും അവയില്‍ എന്റെ വിരല്‍ ഇടുകയും അവന്റെ പാര്‍ശ്വത്തില്‍ എന്റെ കൈ വയ്ക്കുകയും ചെയ്തല്ലാതെ ഞാന്‍ വിശ്വസിക്കുകയില്ല.

26എട്ടു ദിവസങ്ങള്‍ക്കു ശേഷം വീണ്ടും അവന്റെ ശിഷ്യന്‍മാര്‍ വീട്ടില്‍ ആയിരുന്നപ്പോള്‍ തോമസും അവരോടുകൂടെയുണ്ടായിരുന്നു. വാതിലുകള്‍ അടച്ചിരുന്നു. യേശു വന്ന് അവരുടെ മധ്യത്തില്‍ നിന്നുകൊണ്ടു പറഞ്ഞു: നിങ്ങള്‍ക്കു സമാധാനം!

27അവന്‍ തോമസിനോടു പറഞ്ഞു: നിന്റെ വിരല്‍ ഇവിടെ കൊണ്ടുവരുക; എന്റെ കൈകള്‍ കാണുക; നിന്റെ കൈ നീട്ടി എന്റെ പാര്‍ശ്വത്തില്‍ വയ്ക്കുക. അവിശ്വാസിയാകാതെ വിശ്വാസിയായിരിക്കുക.

28തോമസ് പറഞ്ഞു: എന്റെ കര്‍ത്താവേ, എന്റെ ദൈവമേ!

29യേശു അവനോടു പറഞ്ഞു: നീ എന്നെ കണ്ടതുകൊണ്ടു വിശ്വസിച്ചു; കാണാതെതന്നെ വിശ്വസിക്കുന്നവര്‍ ഭാഗ്യവാന്‍മാര്‍.

വായനാക്രമം ഔദ്യോഗിക ആരാധനാക്രമ കലണ്ടർ അനുസരിച്ച് പൂരിപ്പിച്ചുകൊണ്ടിരിക്കുന്നു; നിലവിൽ മാതൃകാ ഡാറ്റ.